കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ
ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി.
ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പര്‍ ലീക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ച നിരവധി ചാനലുകള്‍ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പര്‍ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂര്‍ണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ച സന്ദേശങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ പരീക്ഷ ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രം പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷയുടെ സുതാര്യതയെയോ സുഗമമായ നടത്തിപ്പിനെയോ തകര്‍ക്കാനോ തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.




