‘ദിഷ’ 62370 ടണ്‍ എല്‍എന്‍ജിയുമായി പുറപ്പെട്ടു
ഹോര്‍മുസില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ കാത്ത് 34 കപ്പലുകള്‍. ഇന്ധനവും രാസവളവും ഉള്‍ക്കൊള്ളുന്നതാണ് കപ്പലുകള്‍. മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെങ്കിലും കപ്പല്‍ ഗതാഗത കമ്പനികള്‍ ജാഗ്രത തുടരുന്നു. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇന്നലെ ദിഷ എന്ന കപ്പല്‍ 62 370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നു നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്.ഈ തര്‍ക്കവിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. കരാര്‍ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയില്‍ വെച്ച് അമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
യു എസുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങള്‍, അമേരിക്കന്‍ ഉപരോധങ്ങള്‍ ഘട്ടങ്ങളായി പിന്‍വലിക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും പൂര്‍ണ്ണമായ സമവായത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.




