തൃശൂരില്‍ 35 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാന്‍ ശ്രമം

ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് പെരുമ്പിലാവ് റോഡില്‍ നിരീക്ഷണം ശക്തമാക്കിയത്

പെരുമ്പിലാവ്-പട്ടാമ്പി റോഡില്‍ 35 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കുന്നംകുളം ചൊവ്വന്നൂര്‍ മാന്തോപ്പ് സ്വദേശി സനല്‍ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് പെരുമ്പിലാവ് റോഡില്‍ നിരീക്ഷണം ശക്തമാക്കിയത്.
സ്വിഫ്റ്റ് കാറിലെത്തിയ പ്രതികളോട് വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ അമിതവേഗതയില്‍ പാഞ്ഞുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികള്‍ ഡാന്‍സാഫ് സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ വാഹനത്തില്‍ കാര്‍ ഇടിപ്പിച്ചു. വലിയ അപകടമുണ്ടാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
പിടിയിലായ സനല്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ബാംഗ്ലൂരില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ നിലവില്‍ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Scroll to Top