കാസര്‍കോട് നഗരസഭയുടെ മാലിന്യപരിപാലനത്തിന് പുതിയ വാഹനം; ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു

കാസര്‍കോട്: കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് (KSWMP) ഫണ്ടില്‍ കാസര്‍കോട് നഗരസഭയ്ക്ക് അനുവദിച്ച മാലിന്യപരിപാലന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് നഗരസഭ പരിസരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം വാഹനം ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയുടെ മാലിന്യ ശേഖരണ- ഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നഗര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പുതിയ വാഹനം സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്നും ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് സുരക്ഷിതമായി എത്തിയ്ക്കുന്നതിനു
20,24,495 രൂപ ചിലവഴിച്ചാണ് പ്രസ്തുത വാഹനം വാങ്ങിയിരിക്കുന്നത്. ബോഡി മൊത്തം കവര്‍ ചെയ്തിട്ടുള്ള പ്രസ്തുത വാഹനം നഗരസഭയുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാനും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളുടെ സമയബന്ധിതമായ നീക്കം ഉറപ്പാക്കാനും സഹായിക്കും.

ചടങ്ങില്‍ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ഷാജു പി.ബി, സി.സി.എം ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി. ഉദ്യോഗസ്ഥരായ ശ്രീലത, നീതു, ഗിരീഷ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top