കിരീട പ്രതീക്ഷയോടെ പോര്‍ച്ചുഗല്‍ ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഹൂസ്റ്റണില്‍ രാത്രി 10:30-ന് ഗ്രൂപ്പ് കെ-യില്‍ കോംഗോയാണ് എതിരാളികള്‍.
ഹൂസ്റ്റണ്‍: കിരീട പ്രതീക്ഷയുമായി പറങ്കികള്‍ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന മത്സരത്തില്‍ ഗ്രൂപ് കെയില്‍ കോംഗോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഇന്ന് രാത്രി 10:30 നാണ് മത്സരം. ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ഈ ലോകകപ്പിനെ കാണുന്നത്. മികച്ച സ്‌ക്വാഡുമായാണ് റൊണാള്‍ഡോയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്. പ്രായം തളര്‍ത്തിയെങ്കിലും റൊണാള്‍ഡോയില്‍ ഒരങ്കത്തിന് കൂടിയുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്ബോള്‍ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റോണോ ഇന്നിറങ്ങുന്നത്.
എതിരാളികളായി ദുര്‍ബലരായ കോംഗോ ആണെന്നുള്ളതും പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ആത്മവിശ്വാസം പകരുന്നു. എന്നാല്‍ കുഞ്ഞന്‍ ടീമുകളുടെ പ്രതിരോധം ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങളില്‍ കണ്ടുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗ്രൂപ്പ് കെയില്‍ ഉസ്ബെക്കിസ്ഥാന്‍, കൊളംബിയ എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റ് എതിരാളികള്‍.
ശക്തമായ മധ്യനിരയാണ് പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ കരുത്ത്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമുമായാണ് പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങുന്നത്. വിറ്റിഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ നെവെസ്, ബെര്‍ണാര്‍ഡോ സില്‍വ അടങ്ങിയ മധ്യനിര ഏറ്റവും കരുത്തുറ്റതാണ്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് വിജയികളാക്കിയാണ് വിറ്റിഞ്ഞയും ജാവോ നെവെസും എത്തുന്നത്
ഒരേയൊരു ‘GOAT’: ലോകകപ്പ് ഗോള്‍ നേട്ടത്തില്‍ മെസി ക്ലോസെയ്‌ക്കൊപ്പം, ആദ്യ ലോകകപ്പ് ഗോളിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ഹാട്രിക്കോടെ ആഘോഷം
മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന വിറ്റിഞ്ഞ തന്നെയായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. പിഎസ്ജി താരം ജാവോ നെവെസും ഗംഭീര സീസണിന് ശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍, പ്ലയെര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം– ബ്രൂണോ ഫെര്‍ണാണ്ടസ് ഇത്തവണ മിന്നും ഫോമിലാണ്. കൂടെ ബെര്‍ണാര്‍ഡോ സില്‍വയുമുണ്ട്. തോറ്റുനില്‍ക്കുന്ന കളികളില്‍ പോലും അയാള്‍ക്കുള്ള ടീം സ്പിരിറ്റും വിന്നിങ് മെന്റാലിറ്റിയും ടീമിന് തീര്‍ച്ചയായും ഗുണം ചെയ്യും.
കൂടാതെ ഫുള്‍ ബാക്ക് നുനോ മെന്‍ഡസിന്റെ സാനിധ്യവും ടീമിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. റൊണാള്‍ഡോയ്ക്ക് കൃത്യമായ പാസുകളിലൂടെ പന്തെത്തിക്കാനായാല്‍ പോര്‍ച്ചുഗല്‍ വലിയ മുന്നേറ്റം തന്നെ ഇത്തവണ സൃഷ്ടിക്കുമെന്നുറപ്പ്. അവസരങ്ങള്‍ തുലക്കാതെ രാജ്യത്തിന് വേണ്ടി റൊണാള്‍ഡോ ഫോമിലേക്ക് ഉയരും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്




