ഇംഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത്; ഫീല്‍ഡിങ്ങില്‍ അപൂര്‍വ്വ റെക്കോര്‍ഡ്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂര്‍വ്വ നേട്ടവുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീല്‍ഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ ക്യാച്ചെന്ന നേട്ടത്തില്‍ സ്റ്റീവ് സ്മിത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രെയ്ഗ് ചാപ്പലിനൊപ്പമെത്തി. ഇരുതാരങ്ങളും ഇംഗ്ലണ്ടിനെതിരെ 61 ക്യാച്ചുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് താരം ജൊഫ്ര ആര്‍ച്ചറുടെ ക്യാച്ചെടുത്താണ് സ്മിത്ത് ചരിത്രം കുറിച്ചത്.

ഈ നേട്ടത്തിന്റെ പട്ടികയില്‍ മൂന്നാമതുള്ളതും ഒരു മുന്‍ ഓസ്‌ട്രേലിയന്‍ താരമാണ്. അലന്‍ ബോര്‍ഡര്‍ ഇംഗ്ലണ്ടിനെതിരെ 57 ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതമാണ് നാലാം സ്ഥാനക്കാരന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ 57 ക്യാച്ചുകള്‍ ഇയാന്‍ ബോതം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 47 ക്യാച്ചുകള്‍ ദ്രാവിഡ് നേടിയിട്ടുണ്ട്.

അതിനിടെ ആഷസ് ഒന്നാം ടെസ്റ്റില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയാണ് ഡ്രൈവിങ് സീറ്റില്‍. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സ്‌കോര്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 172, ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 132, ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 164, ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ഒന്നിന് 86.

Scroll to Top