പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദര്‍ശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി

പ്രിയദര്‍ശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി.

കര്‍ണാടകയിലും, തമിഴ്‌നാടിലും, പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കി എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, തുച്ഛമായ ദിവസ വേതനക്കാരനായ പുരുഷന്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വരുമാന പരിധിയോ താമസ യോഗ്യതയോ ഒരു ക്ഷേമ ലക്ഷ്യമോ ഇല്ലാതെയാണ് ആനുകൂല്യം നല്‍കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

പദ്ധതി ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണ്. പദ്ധതി ഭരണഘടന വിരുദ്ധമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതിയിലെത്തിയത്.

Scroll to Top