സാവിത്രി ഭായ് ഫുലെ ആശ്രമം വിദ്യാലയം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

അടുത്തമാസം 15നകം കുണ്ടംകുഴി സാവിത്രി ഭായ് ഫുലെ സ്‌കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളും അപര്യാപ്തതകളും സ്‌ക്കൂള്‍ സന്ദര്‍ശിച്ച് നേരിട്ട് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കിയതിനാലും നിലവിലെ സ്‌കൂളില്‍ 250 ഓളം വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സ്ഥല പരിമിതി ഉള്ളതിനാലും ആണിത്. എന്നാല്‍ കുട്ടികളുടെ താമസ സൗകര്യം പഴയ സ്‌കൂള്‍ കെട്ടിടത്തില്‍ തന്നെ തല്‍ക്കാലം തുടരും.സ്‌കൂള്‍ കെട്ടിടത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് രണ്ട് ബസ്സുകള്‍ അനുവദിക്കും. സ്‌കൂളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി 10 ലാപ്ടോപ്പുകളും ഒരു ഇന്ററാക്ഷന്‍ ബോര്‍ഡും അനുവദിക്കും. കുട്ടികളെ പരിചരിക്കുന്നതിന് രണ്ട് ആയമാരെ പുതുതായി നിയമിക്കും.

നിലവില്‍ രണ്ട് ആയമാരുടെ സേവനം സ്‌കൂളില്‍ ഉണ്ടെങ്കിലും കുട്ടികളുടെ എണ്ണം പരിഗണിച്ചാണ് രണ്ട് പുതിയ ആയമാരെ കൂടി നിയമിക്കുന്നത്. ഒരു സ്വീപ്പറി നെയും പുതിയ കെട്ടിടത്തിലേക്ക് ഒരു വാച്ച് മാനെയും ഏര്‍പ്പെടുത്തും. വിദ്യാലയത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജില്ലാകളക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഉറപ്പുനല്‍കി. യോഗത്തിന് ശേഷം പണികഴിഞ്ഞ പുതിയ കെട്ടിടം കളക്ടര്‍ സന്ദര്‍ശിച്ചു. 10 ക്ലാസുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഫ്ലോറുകളുടെ പണി കഴിഞ്ഞിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും സ്റ്റാഫ് റൂമുകളുടെയും ലാബ്, ഐ.ടി റൂമുകളുടെയും പണി കഴിഞ്ഞു. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. യോഗത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമന്‍,പി.ടി.എ പ്രസിഡന്റ് മുരളി, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ രഞ്ജിനി, കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ.വി രാഘവന്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ.എം പ്രസന്ന, ഹെഡ്മിസ്ട്രസ് കെ.വീണ, സീനിയര്‍ സൂപ്രണ്ട് ഗിരീഷ് സ്‌കൂള്‍, സ്‌കൂള്‍ മാനേജര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top