നടിയെ ആക്രമിച്ച കേസ് അപ്പീല്‍ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സുനില്‍ കുമാര്‍, മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള 6 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി 2 ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. സുനില്‍ കുമാര്‍, മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്. 20 വര്‍ഷം തടവിനാണ് പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.

വിശദവിവരങ്ങള്‍
കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് നിന്ന് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതിയായിരുന്നു. 2024 ല്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍ല്‍കിയത്. എന്നാല്‍ പ്രധാന ചോദ്യങ്ങള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാര്‍ഡില്‍ അനധികൃത പരിശോധന നടത്തി. ജില്ലാ കോടതിയില്‍ ക്ലര്‍ക്ക് മഹേഷ് മോഹനനന്റെ കൈവശം 5 മാസം മെമ്മറികാര്‍ഡ് ഇരുന്നു. അത് പരിശോധിച്ച ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി ഉണ്ടായിട്ടും തുടര്‍ അന്വേഷണത്തിന് ശുപാര്‍യുണ്ടായില്ല. പ്രത്യേക കോടതിയിലെ ക്ലര്‍ക്കും അനധികൃത പരിശോധന സമ്മതിച്ചു. മെമ്മറികാര്‍ഡ് ഇട്ട ഫോണ്‍ തീവണ്ടി യാത്രക്കിടെ കളഞ്ഞുപോയെന്ന് പറഞ്ഞ മൊഴി വിശ്വാസത്തിലെടുത്താണ് അന്തിമ റിപ്പോര്‍ട്ട്. എന്തിനായിരുന്നു ഈ പരിശോധന എന്നോ ഇതിന് കാരണക്കാരായവര്‍ക്ക് സാമ്പത്തിക നേട്ടമടക്കം ഉണ്ടായോ എന്നതിലൊന്നും കൂടുതല്‍ അന്വേഷണമുണ്ടായില്ല. അന്വേഷണത്തിലൊരിക്കലും സൈബര്‍ വിദഗ്ധന്റെ സേവനവും തേടിയില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലും സാക്ഷി മൊഴികളും തമ്മില്‍ നിരവധി വൈരുദ്ധ്യമുണ്ട്. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി സ്വന്ത്ര സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം പ്രഖ്യാപിക്കണം എന്നതാണ് അതിജീവിതയുടെ ആവശ്യം. അന്വേഷണ സംഘത്തില്‍ സൈബര്‍, ഫോറന്‍സിക് വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.

Scroll to Top