കാസര്‍ഗോഡ്/ മൊഗ്രാല്‍. മാലിന്യങ്ങളാല്‍ സംസ്ഥാനത്തും, ജില്ലയിലും പകര്‍ച്ചവ്യാധി പടരുന്നതിനിടെ മൊഗ്രാല്‍ കടപ്പുറത്തും, പുഴയോരത്തും വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നതായും, കത്തിക്കുന്നതായും പരാതി.മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ പാളി യതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴാണ് ഇത്തരത്തില്‍ വീണ്ടും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൊട്ടകളിലാക്കി തീരത്തും, ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നത്.
രോഗ വ്യാപനം മുന്‍കൂട്ടി കണ്ട് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് ജില്ലാ ഭരണകൂടവും, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എടുത്തുവരുന്നത്. എന്നിട്ടും കടല്‍ത്തീരത്തും, പുഴയോരത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞദിവസം മൊഗ്രാല്‍ കോട്ടയില്‍ മഴവെള്ളം ഒഴുകി പോകുന്ന ഓവുചാലിലേക്ക് സാമൂഹിക വിരുദ്ധര്‍ ചത്ത നായയെ വലിച്ചെറിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നായയെ എടുത്തുമാറ്റി കുഴിച്ചുമൂടുകയായിരുന്നു.
നെല്ലിക്കുന്ന് ഭയങ്കര കുന്ന് കടപ്പുറത്ത് മഴവെള്ളം ഒഴുകിപ്പോകുന്ന കല്‍മാടി തോട്ടില്‍ മാലിന്യം തള്ളല്‍ രൂക്ഷമായതോടെ ഏതാനും ദിവസം മുമ്പ് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കര്‍ശന നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുത്തികെ പഞ്ചായത്ത് പരിധിയിലെ സിദ്ധി വയല്‍ പെര്‍ണയില്‍ തോട്ടത്തിലെ വഴിയരികില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ ഇടപെടലിലൂടെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് തിരിച്ചെടുപ്പിക്കുകയും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കാസറഗോഡ് ഒരു തീയേറ്ററിലെ മാലിന്യമായിരുന്നു അതെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വ്യാപകമായി ഇപ്പോഴും മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്.ഇത് രോഗവ്യാപന ത്തോടൊപ്പം ദേശീയപാതയുടെ മനോഹാരിത കെടുത്തുന്നുമുണ്ട്. ഭക്ഷണാവശിഷ്ടമുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിയുന്നുമുണ്ട്.വിവിധ ഇടങ്ങളില്‍ വലിച്ചെറിയുന്ന ഡയപ്പറുകള്‍ വലിയ ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.ഇത് വലിച്ചെറിയുന്നത് ജലാശയത്തിലേക്കാ കുമ്പോള്‍ മഞ്ഞപ്പിത്തത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അതികൃതരും പറയുന്നുണ്ട്.
മൊഗ്രാല്‍ കടപ്പുറത്ത് മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്. വിവിധങ്ങളായ പരിപാടികള്‍ നടന്നതിന്റെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് കടപ്പുറത്തേക്ക് ചാക്കുകളിലും,പ്ലാസ്റ്റിക് സഞ്ചികളിലുമായി വലിച്ചെറിയുന്നത്.ഇത് രാത്രികാലങ്ങളില്‍ കത്തിക്കുകയും ചെയ്യുന്നു.ഇത് പ്രദേശവാസികള്‍ക്കിടയില്‍ രോഗ ഭീതി ഉണ്ടാക്കുന്നുമുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ എവിടെയും സിസിടിവി ക്യാമറകളില്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്ക് സഹായകമാകുന്നുമുണ്ട്.




