തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കൗണ്‍സിലറുടെ പരാതിയില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെയും ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ എസ് പി ദീപക് അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. കാപ്പാ കേസില്‍ ജയിലിലുള്ള സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് റിലേ സമരം ഇന്നും തുടരും.
നഗരസഭയില്‍ ഇന്നലെയാണ് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ മേയര്‍ക്കും നിരവധി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ ആര്‍ സുഗതന്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മേയര്‍ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലര്‍മാരും ഓഫീസിലേക്കെത്തിയതു മുതല്‍ ഉന്തും തള്ളുമായി. മേയര്‍ ഉള്‍പ്പെടെ നിലത്തുവീണു. പൊലിസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘര്‍ഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടി. സംഘര്‍ഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയില്‍ നാലു തുന്നലുകളുണ്ട്.




