അവധി നല്‍കുന്നത് അല്ല പ്രശ്നമെന്നും നല്‍കില്ലെന്ന ധിക്കാരപരമായ നിലപാടിലാണ് പ്രതിഷേധമെന്നും കെ ജി അരുണ്‍ കുമാര്‍
ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മൂലം വള്ളംകളി ജലോത്സവ സമിതി. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ സമിതി എക്സിക്യൂട്ടീവ് അംഗം കെ ജി അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയുമാണ് മുഖ്യമന്ത്രി അപമാനിച്ചു. ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘അവധി നല്‍കുന്നത് അല്ല പ്രശ്നം. നല്‍കില്ലെന്ന ധിക്കാരപരമായ നിലപാടിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രതികരണം എംഎല്‍എയുടെ മുഖത്തേറ്റ അടിയാണ്. ന്യായമായ ആവശ്യത്തെ തള്ളിക്കളഞ്ഞ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ചമ്പക്കുളം മൂലം വള്ളംകളി കേവലം ഒരു കായിക മത്സരം മാത്രമല്ല. കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണ്. മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത ഗൗരവതരമാണ്. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല’, കെ ജി അരുണ്‍ കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്ന് ചമ്പക്കുളം മൂലം ജലോത്സവം സമിതി മുന്‍ സ്പോണ്‍സര്‍ കമ്മറ്റി ചെയര്‍മാന്‍ അഗസ്റ്റില്‍ ജോസും പ്രതികരിച്ചു. അവധി വേണമെന്നത് തീര്‍ത്തും ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള മറുപടി പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ നിലപാടില്‍ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അഗസ്റ്റിന്‍ ജോസ് പ്രതികരിച്ചു.
മൂലം വള്ളംകളി അവധി:ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി; വ്യക്തിപരമായ ആവശ്യത്തിന് ചോദിച്ചതല്ലെന്ന് MLA
മൂലം വള്ളംകളി അവധി:ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി; വ്യക്തിപരമായ ആവശ്യത്തിന് ചോദിച്ചതല്ലെന്ന് MLA
മുഖ്യമന്ത്രി കുട്ടനാടിനെ മുഴുവനാണ് ആക്ഷേപിച്ചിരിക്കുന്നതെന്ന് ചമ്പക്കുളം മൂലം ജലോത്സവം സമിതി മുന്‍ റൈസ് കമ്മറ്റി ചെയര്‍മാന്‍ എം എസ് ശ്രീകാന്തും പറഞ്ഞു. വി ഡി സതീശന്റെ തനി സ്വരൂപം വ്യക്തമായി. സതീശന്‍ കാപട്യം നിറഞ്ഞ ആളാണ്. ഉള്ളിലുള്ളത് മറനീക്കി പുറത്തുവന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ വള്ളംകളിക്ക് പ്രാദേശി അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലോചിച്ച് മറുപടി പറയാമെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരുന്നതിന് ശേഷം ശബ്ദം കുറച്ച് ‘അവധി കൊടുക്കില്ലെ’ന്ന് പറഞ്ഞിരുന്നു. പക്ഷേ മുഖ്യമന്ത്രി പറഞ്ഞത് മൈക്കിലൂടെ ചെറിയ രീതിയില്‍ പുറത്തേക്ക് കേള്‍ക്കുകയും ചെയ്തു. ഈ വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.




