എംബാപെയും ഹാളണ്ടും നേര്‍ക്കുനേര്‍; ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാന്‍ ഫ്രഞ്ച് പട

ഗ്രൂപ്പ് ഐ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഫ്രാന്‍സും നോര്‍വെയും ഏറ്റുമുട്ടും. രണ്ട് കളികളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നാല് ഗോളുകള്‍ വീതം നേടിയ എംബാപെയും ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.
ബോസ്റ്റണ്‍: ഗ്രൂപ്പ് ഐയില്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ ഫ്രാന്‍സും- നോര്‍വെയും നേര്‍ക്കുനേര്‍. രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചന്‍ എത്തുന്നത്. ഇതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് താരങ്ങളാണ് എംബാപെയും ഹാളണ്ടും. ഇരുവര്‍ക്കും 4 ഗോളുകള്‍ വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ആരാവും സ്‌കോര്‍ ചെയ്യുക എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

ഇന്ന് രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബപെയ്ക്ക് സാധിക്കും. ആദ്യ രണ്ട് കളികളില്‍ മിന്നും ഫോമിലായിരുന്നു എംബാപെ ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരും വിലയിരുത്തുന്നത്.

സെനഗലിനെയും ഇറാഖിനെയും തോല്‍പിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് നോക്കൗട്ടില്‍ ഫ്രാന്‍സിന് സ്വീഡനും നോര്‍വെയ്ക്ക് ഐവറികോസ്റ്റുമാണ് എതിരാളികള്‍. നോക്കൗട്ടില്‍ ബ്രസീല്‍- ജപ്പാന്‍ മത്സരത്തിന്റെ വിജയികളെ ആയിരിക്കും പ്രീക്വര്‍ട്ടറില്‍ നോര്‍വെ- ഐവറി കോസ്റ്റ് മത്സര വിജയിക്കാന്‍ നേരിടേണ്ടിവരുന്നത്. എന്നാല്‍ ഇന്നത്തെ മത്സരഫലം മറിച്ചാണെങ്കില്‍ ഗ്രൂപ് ചാമ്പ്യന്മാരായി നോര്‍വെ മുന്നേറുകയും ബ്രസീല്‍- ജപ്പാന്‍ മത്സരത്തിന്റെ വിജയികളെ പ്രീക്വര്‍ട്ടറില്‍ തന്നെ ഫ്രാന്‍സ് നേരിടേണ്ടിവരികയും ചെയ്യും. രണ്ട് ദിവസങ്ങള്‍ കൊണ്ട് നോക്കൗട്ട് ചിത്രങ്ങള്‍ പൂര്‍ണമായും തെളിയും.

Scroll to Top