പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍


ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം ഗുരുതരമാകാം. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

Scroll to Top