ഫുട്‌ബോള്‍ ലഹരി മതി; മയക്കുമരുന്ന് വേണ്ട” – ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടികളുടെ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം


തൃക്കരിപ്പൂര്‍. :
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫുട്‌ബോളിലൂടെ ശക്തമായ ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കുട്ടികളുടെ പ്രദര്‍ശന മത്സരവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. SAK കേരളയും CDA ചിറ്റാരിക്കല്‍ ഫുട്‌ബോള്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
”ലഹരി ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട; ഞങ്ങള്‍ക്ക് ഇഷ്ടം ഫുട്‌ബോള്‍ ലഹരി” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രാവിലെ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ രണ്ട് അക്കാദമികളിലെയും നൂറോളം കുട്ടികള്‍ പങ്കാളികളായി.
ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘തൂഫാന്‍ ചലഞ്ച്’ പരിപാടിയിലും കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു. കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും പുതുതലമുറയെ നയിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
കോച്ചുമാരായ പി. കുഞ്ഞികൃഷ്ണന്‍, കെ.വി. ഗോപാലന്‍, ശംസുദ്ധീന്‍, വിനോദ് ചിറ്റാരിക്കല്‍, രാഗേഷ് തീര്‍ത്തങ്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫുട്‌ബോളിനോടുള്ള കുട്ടികളുടെ ആവേശവും ലഹരിവിരുദ്ധ സന്ദേശത്തോടുള്ള പ്രതിബദ്ധതയും പരിപാടിയെ ശ്രദ്ധേയമാക്കി.

Scroll to Top