ഇന്ത്യന്‍ കരസേനയുടെ ആധുനികവല്‍ക്കരണത്തിന് വിജയ്' കര്‍മപദ്ധതി പ്രഖ്യാപിച്ച് മേധാവി ജനറല്‍ ധീരജ് സേത്ത്. പുതിയ യുദ്ധമുഖങ്ങള്‍ക്ക് പ്രാപ്തമാകുന്ന രീതിയില്‍ സേനയില്‍ മാറ്റം കൊണ്ടുവരിക എന്നത് ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദില്ലി: ഇന്ത്യന്‍ കരസേനയുടെ ആധുനികവല്‍ക്കരണത്തിനാണ് പ്രഥമ പരിഗണനയെന്ന് കരസേന മേധാവി ജനറല്‍ ധീരജ് സേത്ത്. ഇതിനായിവിജയ്’ (VIJAY) കര്‍മ്മ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. സേനയില്‍ നടപ്പാക്കുന്ന ആധുനികവല്‍ക്കരണത്തിനാണ് വിജയ് എന്ന് കരസേന മേധാവി പേര് നല്‍കിയിരിക്കുന്നത്. പുതിയ യുദ്ധമുഖങ്ങള്‍ക്ക് പ്രാപ്തമാകുന്ന രീതിയില്‍ സേനയില്‍ മാറ്റം കൊണ്ടുവരിക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാവിക വ്യോമസേനകളും ആയി സഹകരിച്ച് ഒന്നിച്ചു പോകും. ഏതു വെല്ലുവിളിയും നേരിടാന്‍ കരസേന സജ്ജമാണെന്നും കരസേന മേധാവി വ്യക്തമാക്കി. ജനറല്‍ ധീരജ് സേത്തിന് ആചാരപരമായ വരവേല്‍പ്പ് നല്‍കുകയും ചെയ്തു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആര്‍മഡ് കോര്‍പ്‌സില്‍ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കും ദീര്‍ഘകാല പരിവര്‍ത്തനങ്ങള്‍ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മരുഭൂമിയിലെ ആര്‍മഡ് റെജിമെന്റ്, വെസ്റ്റേണ്‍ തിയേറ്ററിലെ ആര്‍മഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്‌സ് എന്നിവ അദ്ദേഹം നയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍ എന്ന നിലയില്‍ സുദര്‍ശന്‍ ചക്ര കോര്‍പ്‌സിനും, ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായും പ്രവര്‍ത്തിച്ചു. സതേണ്‍ കമാന്‍ഡ്, സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് എന്നീ രണ്ട് ഓപ്പറേഷണല്‍ ആര്‍മി കമാന്‍ഡുകള്‍ കമാന്‍ഡ് ചെയ്യാനുള്ള അപൂര്‍വ്വ നേട്ടവും രണ്ടര വര്‍ഷത്തോളം നിര്‍ണായക മേഖലകളില്‍ തന്ത്രപരമായ മേല്‍നോട്ടം വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് നല്‍കിയ സംഭാവനകളിലൂടെയും തന്ത്രപരമായ ആസൂത്രണങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. കരസേനാ ആസ്ഥാനത്ത് സ്ട്രാറ്റജിക് പ്ലാനിങ്, കപ്പബിലിറ്റി ഡെവലപ്മെന്റ് വിഭാഗങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ പ്രവര്‍ത്തന ആവശ്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായി യോജിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. പാരീസിലെ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോഴ്സ്, ഹയര്‍ കമാന്‍ഡ് കോഴ്സ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവ പൂര്‍ത്തിയാക്കിയ മികച്ച ഒരു സൈനിക പ്രൊഫഷണണ്‍ കൂടിയാണ് അദ്ദേഹം




