തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവികെ എംഎല്‍എമാര്‍ക്ക് 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയിലാണ് നടപടി. ഈ നീക്കത്തിന് പിന്നില്‍ ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സി തിരുനാവക്കരസ്, ഡി എം കെ നേതാവ് സെന്തില്‍ ബാലാജിയുടെ രണ്ട് വിശ്വസ്തര്‍ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി വി കെ (തമിഴക വെട്രി കഴകം) എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അസാധാരണ നടപടി. ട്രിപ്ലിക്കേന്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ചെന്നൈ പോലീസ് അറസ്റ്റ് വിവരം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു. ടി വി കെ എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ആകെ 15 ടി വി കെ എം എല്‍ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതില്‍ 12 എം എല്‍ എമാരെ പ്രതികള്‍ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് സൂചന നല്‍കുന്നത്. എന്നാല്‍ കൃഷ്ണഗിരിയിലെ എം എല്‍ എ മാത്രമാണ് വിവരം പാര്‍ട്ടിയെ അറിയിച്ചതും പരാതി നല്‍കാന്‍ തയ്യാറായതും. സഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതികള്‍ നീക്കം നടത്തിയിരുന്നതായും വിവരമുണ്ട്.
സെന്തില്‍ ബാലാജിക്ക് കുരുക്ക്
അട്ടിമറി നീക്കത്തിന് പിന്നില്‍ ഡി എം കെ നേതാവ് സെന്തില്‍ ബാലാജിയും സഹോദരന്‍ അശോക് കുമാറുമാണെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പുകിലിന് കാരണമായിട്ടുണ്ട്. ഭരണകക്ഷിയായ ടിവികെയെ തകര്‍ക്കാന്‍ പ്രതിപക്ഷം കോടികള്‍ ഒഴുക്കി എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഡി എം കെയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പോലീസ് അറിയിച്ചു.




