ടോയ്‌ലറ്റിനുള്ളില്‍ പണം ഒളിപ്പിച്ചു, സിസിടിവികള്‍ വെട്ടിച്ചു: അയോധ്യ രാമക്ഷേത്ര സംഭാവനപ്പണം മോഷ്ടിച്ച പ്രതി പോലീസിനോട്

താന്‍ കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിക്കുകയും മോഷണം എങ്ങനെയൊക്കെയാണ് ആസൂത്രണം ചെയ്തതെന്ന് വിവരിക്കുകയും ചെയ്തു

അയോധ്യ രാമക്ഷേത്രം
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷണം ഊര്‍ജിതമായി. പിടിയിലാകാതിരിക്കാന്‍ മോഷ്ടിച്ച പണം ക്ഷേത്ര സമുച്ചയത്തിലെ വാഷ്‌റൂമുകളില്‍ താല്‍ക്കാലികമായി ഒളിപ്പിച്ച ശേഷമാണ് പുറത്തുകടത്തിയിരുന്നതെന്ന് അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അറസ്റ്റിലായ പ്രതി അവിനാഷ് ശുക്ലയെ കോടതിയുടെ അനുമതിയോടെ പ്രത്യേക അന്വേഷണ സംഘം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍, താന്‍ കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിക്കുകയും മോഷണം എങ്ങനെയൊക്കെയാണ് ആസൂത്രണം ചെയ്തതെന്ന് വിവരിക്കുകയും ചെയ്തു.
സമീപകാലത്തുണ്ടായ സോനം രഘുവംശി കേസില്‍ അറസ്റ്റ് നടപടികളിലെ പിഴവുകള്‍ കാരണം പ്രതിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, ഈ കേസില്‍ അതീവ ജാഗ്രതയോടെയാണ് പോലീസ് നീങ്ങുന്നത്.

Scroll to Top