ആലപ്പുഴ ദേശീയ പാതയിലെ ഗര്‍ത്തം കരാര്‍ കമ്പനിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച, ഉത്തരവ് മറികടന്ന് നിര്‍മ്മാണം


ഭൂമി നികത്താന്‍ മാത്രമേ കായല്‍ മണല്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ഉത്തരവ് മറികടന്നാണ് കരാര്‍ കമ്പനിയുടെ നിര്‍മാണം

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ട സംഭവത്തില്‍ കരാര്‍ കമ്പനിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. ഉപയോഗിക്കാന്‍ പാടില്ലാത്ത കായല്‍ മണല്‍ നിര്‍മ്മാണത്തിനുപയോഗിച്ചെന്ന് കണ്ടെത്തല്‍. 55,000 ലോഡ് കായല്‍ മണല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഹരിയാനയില്‍ നിന്നുള്ള കരാര്‍ കമ്പനി കെസിസിയാണ് നിര്‍മാണം നടത്തിയത്.

ഭൂമി നികത്താന്‍ മാത്രമേ കായല്‍ മണല്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ഉത്തരവ് മറികടന്നാണ് കരാര്‍ കമ്പനിയുടെ നിര്‍മാണം. കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ഉത്തരവിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കായല്‍ മണല്‍ യോഗ്യമല്ലെന്ന് പറയുന്നുണ്ട്. നാവിഗേഷന്‍ വകുപ്പ് കരാര്‍ കമ്പനിക്ക് സൗജന്യമായി കായല്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഇത് ഭൂമി നികത്താന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു.

ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. വലിയ അഴിമതിയാണ് ഇതില്‍ നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തുറവൂര്‍ മുതല്‍ ഓച്ചിറ വരെ പലയിടങ്ങളിലായുള്ള ഉയരപ്പാതകളില്‍ നിറച്ചിരിക്കുന്നത് കായല്‍ മണ്ണാണ്. ഇതിലൂടെ കോടികളുടെ ലാഭമാണ് കരാര്‍ കമ്പനിക്ക് ലഭിക്കുന്നത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കായല്‍ മണ്ണ് കോണ്‍ക്രീറ്റ് പാളികളിലൂടെ ഒലിച്ചിറങ്ങിയതാണ് ചേര്‍ത്തലയില്‍ ദേശീയ പാതയില്‍ ഗര്‍ത്തം രൂപപ്പെടാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. 12 അടി താഴ്ചയുള്ള ഭീമന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടത്.

കായലിലെ മണല്‍ ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു എന്ന വാര്‍ത്ത ഒരു വര്‍ഷം മുമ്പ് തന്നെ ഉത്തരവ് സഹിതം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നിരുന്നു. കായല്‍ മണല്‍ നിറയ്ക്കുന്നത് ഭാവിയില്‍ അപകടത്തിന് കാരണമായേക്കാം എന്നും അന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം ആലപ്പുഴ പുതിയ ദേശീയപാതയില്‍ വലിയ കുഴി രൂപപ്പെട്ടത് റിപ്പോര്‍ട്ടര്‍ വാര്‍ത്ത സാധൂകരിക്കുന്നതാണ്. പൈപ്പ് പൊട്ടി മണ്ണ് ഒലിച്ചു പോയതാണ് ഗര്‍ത്തത്തിന് കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പറയുമ്പോഴും അതില്‍ കായല്‍ മണലിന്റെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

അതേസമയം നിര്‍മാണത്തിനായി വേമ്പനാട്ട് കായലില്‍ നിന്ന് മണലെടുത്തതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ഉയരുന്ന വിമര്‍ശനം. മൂന്ന് മീറ്റര്‍ ആഴത്തില്‍ മണലെടുക്കാനായിരുന്നു ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി. എന്നാല്‍ 12 മീറ്റര്‍ ആഴത്തിലാണ് ഇവിടെ നിന്ന് മണലെടുത്തിരിക്കുന്നത്. പഞ്ചായത്ത് റോയല്‍റ്റി നല്‍കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. അവശേഷിക്കുന്ന ചെളി കായലില്‍ തന്നെ തള്ളിയെന്നും ആരോപണമുണ്ട്. ചെളി കുമിഞ്ഞുകൂടി കായല്‍ തീരം നികന്നുവെന്നും കണ്ണങ്കര പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുന്നെന്നുമാണ് ഉയരുന്ന പരാതി. കക്ക വാരല്‍ അടക്കം ഉള്‍നാടന്‍ മത്സ്യ ബന്ധനം നടത്തുന്ന 240 കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം പോലും വഴിമുട്ടിയ സ്ഥിതിയാണെന്നും പരാതിയുണ്ട്. എംഎല്‍എ പി പ്രസാദിന്റെ നേതൃത്വത്തില്‍ സമരം നടത്തിയായിരുന്നു താല്‍കാലികമായി മണല്‍ വാരല്‍ അവസാനിപ്പിച്ചത്.

Scroll to Top