സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. സീസണിലെ ആദ്യ ന്യൂന മര്‍ദ്ദം ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജൂലൈ 3 ന് കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 2 മുതല്‍ ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും ജാഗ്രത നിര്‍ദേശമുണ്ട്.




