Advertisement

ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ദില്ലിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിന്തരമായി ഇറക്കി

By kcnchannel / October 14, 2026

ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ദില്ലിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിന്തരമായി ഇറക്കി. വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശത്തിന് പിന്നാലെ പൈലറ്റ് ഹൈജാക്ക് അലര്‍ട്ട് നല്‍കിയതും പരിഭ്രാന്തിക്ക് ഇടയാക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും വിമാനം സുരക്ഷിതമായി ദില്ലിയില്‍ എത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് എയര്‍ ഇന്ത്യയുടെ AI2030 വിമാനത്തില്‍ ബോംബുണ്ടെന്ന ഭീഷണി സന്ദേശം എയര്‍ ഇന്ത്യക്ക് കിട്ടിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 306 യാത്രക്കാരുമായി വരികയായിരുന്ന വിമാനം ഗുജറാത്തിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു സന്ദേശം. സുരക്ഷാ ഏജന്‍സികള്‍ക്ക് എയര്‍ഇന്ത്യ വിവരം കൈമാറി. ഇതിനിടെ വിമാനം ഹൈജാക്ക് ചെയ്താല്‍ പൈലറ്റ് നല്കുന്ന സ്‌ക്വോക്ക് കോഡ് 7500 സന്ദേശം ഗുജറാത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ കിട്ടിയതും ആശങ്ക കൂട്ടി. വിമാനം ജയ്പൂരിലിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തു. എന്‍എസ്ജി കമാന്‍ഡോ സംഘത്തോട് ജയ്പൂരിലേക്ക് തിരിക്കാന്‍ തയ്യാറാക്കി നിറുത്തി. എന്‍ഐഎ ഉദ്യോഗസ്ഥരും ഇടപെട്ടു. രാവിലെ 9.35-ഓടെ വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഹൈജാക്ക് കോഡ് പൈലറ്റ് അബദ്ധത്തില്‍ ഉപയോഗിച്ചെന്നാണ് സൂചന. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു സ്ഥിതി വിലയിരുത്തി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.