Advertisement

ചെറുവയല്‍ രാമന് അന്ത്യാഞ്ജലി; നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

By kcnchannel / October 14, 2026

വയനാട്ടിലെ പരമ്പരാഗത കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന് വിട. നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന്റെ മൃതദേഹം നാളെ കമ്മന നവോദയ എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ 9 മുതല്‍ 12 വരെ പൊതുദര്‍ശനം. തുടര്‍ന്ന്, കൊടുമയില്‍ കുടുംബശ്മശാനത്തില്‍ 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയായിരുന്നു മരണം.

വരുംതലമുറയ്ക്കായി പൈതൃക നെല്‍വിത്ത് സംരക്ഷകന്‍ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമന്‍. . 2011ല്‍ ഹൈദരാബാദില്‍ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരും കര്‍ഷകരും നിത്യേന ഈ പുരയിടം സന്ദര്‍ശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.

ഇന്ത്യ അകത്തും പുറത്തുമുള്ള നിരവധി ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാപാഠമായിരുന്നു ചെറുവയല്‍ രാമന്റെ കൃഷിയിടം. പാരമ്പര്യ വിത്ത് സംരക്ഷണത്തിലും ജൈവവൈവിധ്യ പാലനത്തിലും നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. കൂടാതെ നാഷണല്‍ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.