വടിയെടുത്ത് സര്‍ക്കാര്‍, 3 ആഴ്ച മാത്രം സമയം; ഒഴിവുകളെല്ലാം പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്യണം, വീഴ്ച വരുത്തിയാല്‍ കടുത്ത നടപടി

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതിനിടെ, റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി, പുനപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തിരുവനന്തപുരം: ഒഴിവുകള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിര്‍ദേശമാണ് ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‌സി നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നേക്കും. പിഎസ്‌സി നിയമന ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സര്‍ക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സമീപകാല നിയമനങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നും വിവരങ്ങളുണ്ട്.

ഗുരുതര ക്രമക്കേട്?
ഇതിനിടെ, എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്നു. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ ‘ബി’ ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയാറാക്കിയെന്നുമാണ് പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

അറിയില്ലെങ്കില്‍ ഷാഫി പറമ്പിലിനോട് ചോദിക്കണം, രമേഷ് പിഷാരടിക്ക് മറുപടിയുമായി പി പി സുമോദ് എംഎല്‍എ; കണക്കുകള്‍ നിരത്തി മറുപടി
പിഎസ്സി കഴിഞ്ഞദിവസം ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് പരീക്ഷയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ഇരട്ടിച്ചത്. ആകെയുള്ള 100 ചോദ്യങ്ങളില്‍ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷന്‍ ബി ആയിരുന്നു. കൊമേഴ്‌സില്‍ നിന്നുള്ള 25 ചോദ്യങ്ങളില്‍ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്‌സിലെ 25ചോദ്യങ്ങളില്‍ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷന്‍ ബി തന്നെയായി. നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ സമയം ബാക്കി നില്‍ക്കെ, തിരക്കിട്ടാണ് പരീക്ഷ നടത്തിയത്, ആരെയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആണോ എന്ന സംശയത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പുനപരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Scroll to Top