എതിര്‍ത്തോട്: ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എതിര്‍ത്തോട്, ബേര്‍ക്ക-ചെര്‍ക്കള, മാവിനക്കട്ട, പള്ളിപ്പുഴ എന്നീ അല്‍ബിര്‍ സ്‌കൂളുകളുടെ സംയുക്ത പാരന്റിംഗ് ക്ലാസ് ചെര്‍ക്കളയില്‍ സംഘടിപ്പിച്ചു. നാല് സ്‌കൂളുകളില്‍ നിന്നായി 200-ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു.
മൊയ്തു മൗലവി ചെര്‍ക്കളയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഇ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അല്‍ബിര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം ഉദ്ഘാടനം നിര്‍വഹിച്ചു.
മുഖ്യാതിഥിയായ വിദ്യാനഗര്‍ എസ്.ഐ വിജയന്‍ മേലോത്ത്, അക്കാദമിയുടെ കീഴിലുള്ള നാല് അല്‍ബിര്‍ സ്‌കൂളുകളും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകാപരമായി മുന്നേറുകയാണെന്നും ധാര്‍മിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ വ്യക്തിത്വവികസനം സാധ്യമാകുമെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അല്‍ബിര്‍ സ്റ്റേറ്റ് ട്രെയിനിംഗ് കണ്‍വീനര്‍ ഫൈസല്‍ ഹുദവി പരതക്കാട് പാരന്റിംഗ് ക്ലാസിന് നേതൃത്വം നല്‍കി. കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്, കുടുംബാന്തരീക്ഷത്തിന്റെ പ്രാധാന്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
ചടങ്ങില്‍ എസ്.ഐ വിജയന്‍ മേലോത്ത്, ജാബിര്‍ ഹുദവി ചാനടുക്കം, ഫൈസല്‍ ഹുദവി പരതക്കാട് എന്നിവര്‍ക്ക് അക്കാദമിയുടെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി.
അല്‍ബിര്‍ ജില്ലാതല ടാലന്റ് ടെസ്റ്റില്‍ വിജയിച്ച ശംസുല്‍ ഉലമ അല്‍ബിര്‍ സ്‌കൂള്‍ ബേര്‍ക്ക-ചെര്‍ക്കളയിലെ വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്നത്ത്, സ്വന്തം കൈപ്പടയില്‍ വിശുദ്ധ ഖുര്‍ആന്‍ എഴുതി ഗിന്നസ് റെക്കോഡ് നേടിയ മുഹമ്മദ് മിദ്‌ലാജ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. രക്ഷിതാക്കളും അധ്യാപികമാരും സംബന്ധിച്ചു.
അക്കാദമി കോര്‍ഡിനേറ്റര്‍ ഹാഫിസ് സവാദ് വാഫി സ്വാഗതവും സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഇര്‍ഷാദ് മാസ്റ്റര്‍ തെക്ക്പുറം നന്ദിയും പറഞ്ഞു.




