200 കോടി ബജറ്റ്, നേടിയത് 46 കോടി, ആ മോഹന്‍ലാല്‍ ചിത്രം ഇനി യൂട്യൂബില്‍ കാണാം

മോഹന്‍ലാല്‍ വേഷമിട്ട ചിത്രം യൂട്യൂബില്‍.
വിഷ്ണു മഞ്ചു നായകനായി വന്ന ചിത്രമാണ് കണ്ണപ്പ. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മികച്ച പ്രകടനം നടത്താനാകാതിരുന്ന ചിത്രം യൂട്യൂബിലും ലൈവ് സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് കണ്ണപ്പ യൂട്യൂബില്‍ ലൈവ് സ്ട്രീം തുടങ്ങിയിരിക്കുന്നത്.

മോഹന്‍ലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്. ഏകദേശം 200 കോടിയാണ് ബജറ്റ്. ആഗോള ബോക്‌സ് ഓഫീസില്‍ 46 കോടി മാത്രമേ കണ്ണപ്പയ്ക്ക് നേടാനായിരുന്നുള്ളൂ,

മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ്. മിത്തോളജിക്കല്‍ ഫാന്റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ് എന്നിവരാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാറെന്ന പ്രത്യേകതയുമുണ്ട്.

Scroll to Top