അയോധ്യ സംഭാവന കൊള്ള: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആര്‍എസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഫണ്ട് തിരിമറിയില്‍ ആര്‍എസ്എസ് നല്‍കിയ വിശദീകരണം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആര്‍എസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

ആര്‍എസ്എസ് ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര വിമര്‍ശിച്ചു. രാമക്ഷേത്ര കൊള്ള സംബന്ധിച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ നടത്തിയ പ്രതികരണം മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് യുപി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നിയമസാധുത നല്‍കാനാണ് ശ്രമിക്കുന്നതെന്നും പവന്‍ ഖേര ആരോപിച്ചു. വമ്പന്‍ സ്രാവുകളെ സംരക്ഷിച്ച് ചില ചെറിയ ആളുകളെ ബലിയാടാക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തി വെറും പ്രകടനവും കൊള്ളയടി ഒരു തൊഴിലുമാക്കിവരാണ് ആര്‍എസ്എസ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുമ്പ് ക്ഷേത്ര നിര്‍മ്മാണത്തിനായി സമാഹരിച്ച 1,400 കോടിയോളം രൂപയുടെ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാമക്ഷേത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭാവന കൊള്ളയില്‍ മൗനം പാലിക്കുകയാണെന്നും രാഗിണി നായക് ആവശ്യപ്പെട്ടു. ക്രെഡിറ്റ് എടുക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണമെന്നും ഇത് ജനങ്ങളുടെ വിശ്വാസത്തോടുള്ള വഞ്ചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തിലെ മോഷണം ദൗര്‍ഭാഗ്യകരമാണെന്നും ഇത് മുഴുവന്‍ സമൂഹത്തിന്റെയും രാമഭക്തരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Scroll to Top