, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങള്‍ പോലും ദുരുപയോഗം ചെയ്തതില്‍ നോട്ടീസ്, 7 ദിവസം സമയം
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കീവേഡുകള്‍ ഉപയോഗിച്ച് പരസ്യം നല്‍കിയതിന് ഇന്‍സ്റ്റഗ്രാമിന് കേന്ദ്രം നോട്ടീസ് അയച്ചു. ബിബിസി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, പോക്‌സോ, ഐടി നിയമങ്ങള്‍ ലംഘിച്ചതിന് 7 ദിവസത്തിനകം മറുപടി നല്‍കാനാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്
ദില്ലി: കുട്ടികളെ ദുരുപയോ?ഗം ചെയ്യുന്നരീതിയില്‍ കീവേര്‍ഡുകള്‍ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ നല്‍കിയ ഇന്‍സ്റ്റാഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്രം. 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലെ ?ഗുരുതര വീഴ്ച പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വേദിയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, സോഷ്യല്‍ മീഡിയ ഭീമനായ മെറ്റക്കെതിരെ കര്‍ശന നടപടിയിലേക്കാണ് കേന്ദ്ര ഐ ടി മന്ത്രാലയം കടന്നിരിക്കുന്നത്. പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍പന നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം പരസ്യം നല്‍കാന്‍ സൗകര്യം ഒരുക്കിയെന്നാണ് ബി ബി സി അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രാജ്യത്തെ പോക്‌സോ, ഐ ടി നിയമങ്ങള്‍ ലംഘിച്ചതിനാണ് മെറ്റാ കമ്പനിയോട് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര വിശദീകരണം തേടിയിരിക്കുന്നത്.
ടെലഗ്രാം ലിങ്കുകളിലേക്കെത്തുന്ന പരസ്യം
കേവലം 99 രൂപയ്ക്ക് കുട്ടികളുടെ പീഡന ദൃശ്യങ്ങള്‍ വില്‍ക്കുന്ന ടെലഗ്രാം ചാനലുകളിലേക്കാണ് ഈ കീവേഡുകള്‍ വഴി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ എത്തിച്ചിരുന്നത്. ‘റേപ്പ് വീഡിയോ’, ‘ചൈല്‍ഡ് വീഡിയോ’ തുടങ്ങിയ കീവേര്‍ഡുകള്‍ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ക്ക് പോലും ഇന്‍സ്റ്റാഗ്രാമിന്റെ ഓട്ടോമേറ്റഡ് സംവിധാനം അനുമതി നല്‍കി എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം കൂട്ടുന്നു. ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടും ഈ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മെറ്റാ തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് കേന്ദ്ര ഐ ടി മന്ത്രാലയം മെറ്റയ്ക്ക് 7 ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ഇത്തരം ദൃശ്യങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി. വീഴ്ച വരുത്തിയാല്‍ കടുത്ത ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. സാധാരണയായി സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇത്തരം ഉള്ളടക്കങ്ങളുടെ പേരില്‍ തേര്‍ഡ് പാര്‍ട്ടി പ്രതിരോധ വാദമാണ് ഉന്നയിക്കാറുള്ളത്. എന്നാല്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കിയവരില്‍ നിന്നും മെറ്റാ കമ്പനി പണം കൈപ്പറ്റിയ സാഹചര്യത്തില്‍, അവര്‍ക്ക് സംരക്ഷണം ലഭിക്കില്ല. ഈ ആഴ്ചയില്‍ തന്നെ മെറ്റക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന രണ്ടാമത്തെ ശക്തമായ നടപടിയാണിത്. വാട്സ്ആപ്പില്‍ ഫോണ്‍ നമ്പറുകള്‍ മറച്ചുവെച്ച് ‘യൂസര്‍നെയിം’ മാത്രം നല്‍കാനുള്ള മെറ്റയുടെ പുതിയ ഫീച്ചര്‍ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകള്‍ക്കും വ്യാജരേഖ ചമയ്ക്കലുകള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നേരത്തെ വാട്‌സാപ്പിനും നോട്ടീസ് അയച്ചിരുന്നു.




