കാസറഗോഡ് : പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്ന സ്വകാര്യ ബസ് മേഖലയെ സംരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളും ജീവനക്കാരും സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഇന്ധനവില വര്‍ധനവ്, ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം, സ്പെയര്‍ പാര്‍ടുസുകളുടെ വിലക്കയറ്റം എന്നിവ മൂലം ഇതിനകം തന്നെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിദിന ചിലവുകള്‍ക്കുള്ള തുക പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
വരുമാനം കുറയുന്നതു മൂലം പല സര്‍വ്വീസുകളും നിര്‍ത്തി വെക്കേണ്ടി വരുന്നത് ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ബസ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയിലാക്കുന്നു.
സ്വകാര്യ ബസ് മേഖലയെ സംരംക്ഷിക്കാന്‍ ഉതകുന്ന ചില നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
- കെ എസ് ആര്‍ ടി സി യിലെ സൗജന്യ യാത്ര കേരളത്തിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും 65 വയസിനു മുകളിലുള്ള സ്ത്രീപുരുഷന്മാര്‍ക്കുമായി നിജപ്പെടുത്തേണ്ടതാണ്. അതും കേരളത്തിലെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
- സൗജന്യ യാത്രക്ക് 40 കിലോ മീറ്റര്‍ ദൂരപരിധി നിശ്ചയിക്കേണ്ടതാണ്.
- സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മുഴുവന്‍ സ്ത്രീകളെയും സൗജന്യ യാത്രയില്‍ നിന്നും ഒഴിവാക്കുക.
- സൗജന്യ യാത്രാ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വേണ്ടി ഒരു ദിവസം ഒരു യാത്ര ആയി നിജപ്പെടുത്തേണ്ടതാണ്.
- സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ എണ്ണം ചുരുക്കുക.
- റോഡ് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കുക.
- ഡീസലിന് 50 % സബ്സിഡി അനുവദിക്കുക.
- തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക.
- സംസ്ഥാനത്തിന് പുറത്ത് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ അനുവദിക്കരുത്. സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരം താലൂക്കിലെ തലപ്പാടി മുതല്‍ മംഗലാപുരം വരെ കേരള ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന കര്‍ണ്ണാടക സ്വദേശികള്‍ക്ക് പോലും സൗജന്യം അനുവദിക്കുന്നു. അതു പോലെ മംഗലാപുരത്തു നിന്നും തിരിച്ചു കാസറഗോഡ് വരെയുള്ള യാത്രയിലും കര്‍ണ്ണാടക സ്വദേശികള്‍ക്ക് പോലും സൗജന്യമാണ് അനുവദിക്കുന്നത്.
അന്തര്‍ സംസ്ഥാന റൂട്ടായ സുള്ള്യ – പൂത്തൂര്‍ റൂട്ടുകളിലെ കേരള അതിര്‍ത്തിയിലെ പഞ്ചിക്കല്‍ മുതല്‍ സുള്ള്യ വരെയും അട്ക്കസ്ഥല ബോര്‍ഡര്‍ മുതല്‍ പുത്തൂര്‍ വരെയുമുള്ള കര്‍ണ്ണാടക സംസ്ഥാനത്തെ യാത്രക്കാര്‍ക്ക് പോലും സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ഇതേ തരത്തിലുള്ള സാമ്പത്തിക നഷ്ടമാണ് കേരള ആര്‍ ടി സിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കര്‍ണ്ണാടക സര്‍ക്കാര്‍ നഗര സാരിഗെ, ഗ്രാമാന്തര സാരിഗെ എന്നിങ്ങനെയുള്ള ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. അന്തര്‍ സംസ്ഥാന റൂട്ടിലോടുന്ന ബസുകളില്‍ കര്‍ണ്ണാടകയില്‍ പോലും സ്ത്രീകള്‍ക്ക് സൗജന്യം അനുവദിക്കുന്നില്ല.
പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസ് മേഖല വലിയൊരു പങ്കാണ് വഹിക്കുന്നത്. ബസുടമകളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് ആ മേഖലയെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബാംഗങ്ങളുടെ നിലനില്പിന് അത്യാവശ്യമാണ്.
ഞങ്ങള്‍ നല്‍കിയ നിവേദനം ഈ വിഷയത്തിന്റെ ഗൗരവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി കളക്ടറുടെ ഭാഗത്തു നിന്നും അനുകൂല ഇടപെടലുകളും സര്‍ക്കാരില്‍ നിന്നും നല്ലൊരു തീരുമാനവും എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. ശരണ്യ മനോജ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. അണങ്കൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ് , സെക്രട്ടറി ടി. ലക്ഷ്മണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, കെ എന്‍ ബാലകൃഷ്ണന്‍ മുഹമ്മദ് കുഞ്ഞി പി എ, പി വി പത്മനാഭന്‍, എ വി പ്രദീപ് കുമാര്‍, ഹമീദ് എസ് കെ, രാജേഷ് യു, സുബ്ബണ്ണ ആള്‍വ, കാര്‍ത്തിക് രാജ്, ഇബ്രാഹിം സഫര്‍, ഇബ്രാഹിം മര്‍സാന തുടങ്ങിവര്‍ നേതൃത്വം നല്‍കി.




