‘മെസിയും അര്‍ജന്റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു’; തുറന്നടിച്ച് ഈജിപ്ത് കോച്ച് ഹൊസാം ഹസന്‍

നിലവിലെ ലോക ചാമ്പ്യന്മാരേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മികച്ച കളിയാണ് ഞങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്.
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിന്റെ മുഖ്യപരിശീലകന്‍ ഹൊസാം ഹസന്‍. സൂപ്പര്‍ താരം ലിയോണല്‍ മെസിയും അര്‍ജന്റീനയും ടൂര്‍ണമെന്റില്‍ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസന്‍ ആരോപിച്ചു.

പ്രീ-ക്വാര്‍ട്ടറിലെ നാടകീയ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അര്‍ജന്റീനയോട് നാടകീയമായി പരാജയപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് ഈജിപ്ത് നീങ്ങവെയായിരുന്നു കളിയുടെ അവസാന 13 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലെ റഫറിയിംഗ് പൂര്‍ണ്ണമായും അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹൊസാം ഹസന്‍ തുറന്നടിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ഭാഷയിലാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ പ്രതികരിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മികച്ച കളിയാണ് ഞങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാര്‍ ടൂര്‍ണമെന്റില്‍ വേണമെന്നും, മെസി ലോകകപ്പില്‍ തുടരണമെന്നും അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്‌ബോളില്‍ ചിലപ്പോഴൊക്കെ സാങ്കേതിക വശങ്ങള്‍ക്കും അപ്പുറം ഇത്തരം താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് എല്ലാ തലത്തില്‍ നിന്നും പിന്തുണ ലഭിച്ചു.

മത്സരത്തില്‍ റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയറുടെ പല തീരുമാനങ്ങളും ഈജിപ്തിനെ പ്രകോപിപ്പിച്ചു. തങ്ങള്‍ രണ്ടാം ഗോള്‍ നേടി മുന്നേറവെ, വാര്‍ ഇടപെടലിലൂടെ ആ ഗോള്‍ റദ്ദാക്കിയതാണ് പ്രധാന തര്‍ക്കവിഷയമായത്. കൂടാതെ പെനാല്‍റ്റി ബോക്‌സില്‍ വെച്ച് മുഹമ്മദ് സലായെ ഫൗള്‍ ചെയ്തിട്ടും പെനാല്‍റ്റി അനുവദിച്ചില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ്, ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജേഴ്‌സി അലക്‌സിസ് മാക് അലിസ്റ്റര്‍ വലിച്ചു കീറിയിട്ടും റഫറിയോ വാര്‍ പരിശോധന നടത്താന്‍ പോലും തയ്യാറായില്ലെന്ന് ഹസന്‍ കുറ്റപ്പെടുത്തി.അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് റഫറി വഴങ്ങിയതായാണ് ഈജിപ്തിന്റെ ആക്ഷേപം. ഞങ്ങള്‍ക്ക് അര്‍ഹിച്ച നീതി ലഭിച്ചില്ല. ജീവിതം അനിതീ നിറഞ്ഞതാണെന്നറിയാം, എന്നാല്‍ കായികരംഗത്തും എന്തുകൊണ്ടാണ് നീതിയില്ലാത്തത്?-ഹസന്‍ ചോദിച്ചു.

ഇത് അര്‍ജന്റീന ഒട്ടും അര്‍ഹിക്കാത്ത വിജയമാണ്. കളി കഴിഞ്ഞയുടന്‍ ഞാന്‍ റഫറിയോട് നേരിട്ട് പറഞ്ഞു ഇത് അനീതിയാണെന്ന്. ഇനി ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങും. അതിനുശേഷം ഈ ലോകകപ്പിലെ ഒരു മത്സരം പോലും ഞാന്‍ കാണില്ല. കാരണം ഈ ടൂര്‍ണമെന്റില്‍ ഒരു തരത്തിലുള്ള നീതിയും അവശേഷിക്കുന്നില്ല. ഇതെന്റെ പ്രതിഷേധമാണ്. മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഫിഫയ്ക്കും റഫറിയിംഗിനുമെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഈജിപ്ത് കോച്ചിനെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

Scroll to Top