ഗതാഗത മന്ത്രിയുടെ കാസര്‍ഗോഡ് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന സാമൂഹ്യമാധ്യമ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് കൃത്യമായ ഇന്‍ഷുറന്‍സും മലിനീകരണ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്നും, കേന്ദ്ര സര്‍ക്കാരിന്റെ ‘പരിവാഹന്‍’ വെബ്‌സൈറ്റിലെ അപ്‌ഡേഷന്‍ താമസം ആശയക്കുഴപ്പമുണ്ടാക്കിയെന്നും വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസര്‍ഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു പ്രസ്തുത വാഹനം. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിപരീതമായി, ഈ വാഹനത്തിന് കൃത്യമായ രേഖകള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിട്ടുള്ള ഇന്‍ഷുറന്‍സ് ഈ വാഹനത്തിനുണ്ട്. 2025 മെയ് 18 മുതല്‍ 2027 മെയ് 17 വരെ ഈ ഇന്‍ഷുറന്‍സിന് സാധുതയുണ്ട്. വാഹനത്തിന്റെ മലിനീകരണ സര്‍ട്ടിഫിക്കറ്റ് കാലാവധി 2026 ജൂലൈ ആറിനാണ് അവസാനിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ (2026 ജൂലൈ 7 മുതല്‍) ഇത് കൃത്യമായി പുതുക്കിയിട്ടുള്ളതാണ്.
കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴിയുള്ള ഇന്‍ഷുറന്‍സ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പരിവാഹന്‍’ വെബ്സൈറ്റില്‍ അപ്ഡേറ്റ് ആയി വരാന്‍ പലപ്പോഴും സാങ്കേതികമായ സമയതാമസം നേരിടാറുണ്ട്. ഇതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിച്ചറിയാതെ ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ പിന്മാറണമെന്നും, വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചു.




