യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പകരമായി ബഹ്‌റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു. നേരത്തെ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ തിരിച്ചടിച്ചത്, ഇത് പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭീതിയിലാക്കി.
തെഹ്‌റാന്‍: യുഎസ് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പകരമായി ബഹ്‌റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭീതിയിലാക്കി കൊണ്ടാണ് ഇറാന്റെ ഈ നീക്കം.
യുഎസ് തങ്ങളുടെ നേരെ നടത്തിയ സൈനിക അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ തിരിച്ചടിച്ചത്. ബഹ്‌റൈനിലെയും കുവൈത്തിലെയും തന്ത്രപ്രധാനമായ യുഎസ് ക്യാമ്പുകളും കപ്പല്‍പ്പടയുടെ കേന്ദ്രങ്ങളുമടക്കം 85 ഇടങ്ങളിലാണ് ഒരേസമയം സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതെന്നാണ് അവകാശവാദം. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ യുഎസ് ലംഘിച്ചതിനാലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് ഇറാന്റെ സൈനിക നേതൃത്വം വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ ബുധനാഴ്ച രാവിലെ തുടര്‍ച്ചയായി പല തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈല്‍ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോര്‍ട്ട്
യുഎസ് താവളങ്ങള്‍ തകര്‍ത്തെന്ന് ഇറാന്‍
ബഹ്‌റൈനിലെ യുഎസിന്റെ ഫിഫ്ത് നേവല്‍ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അല്‍ സാലം എയര്‍ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് സ്ഥിരീകരിച്ചു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നില്‍ക്കാന്‍ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘എക്യു9’ റീപ്പര്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടു.
ഇറാനില്‍ വന്‍ നാശനഷ്ടം വിതച്ച് യുഎസ് വ്യോമാക്രമണം
നേരത്തെ ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് വാണിജ്യ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പകരമായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതോടൊപ്പം ഇറാനില്‍ നിന്നുള്ള എണ്ണ വില്‍പ്പനയ്ക്കുള്ള അനുമതി യുഎസ് റദ്ദാക്കുകയും ചെയ്തു.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, ആന്റി-ഷിപ്പ് ക്രൂസ് മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയാണ് യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ 60-ലധികം ചെറുബോട്ടുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ്, ഖേഷ്ം ഐലന്‍ഡ്, തീരദേശ നഗരങ്ങളായ സിരിക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിരിക്കിലെ വാണിജ്യ തുറമുഖത്ത് പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.




