വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം, ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല

പത്തനംതിട്ട കടമ്മനിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 75 വയസ്സുകാരനായ മാത്തുക്കുട്ടി മരിച്ചു. കറന്റ് പോയതിനെ തുടര്‍ന്ന് ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം അപകട കാരണമെന്ന് കരുതുന്നു
പത്തനംതിട്ട: ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം.

വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയില്‍ ആയതിനാല്‍ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്‌ക്വയര്‍ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കറന്റ് പോയപ്പോള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിയാണ് ജീവന്‍ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.

കെ എസ് ആര്‍ ടി സി യില്‍ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ വിദേശത്താണ്.

Scroll to Top