കണക്കുതീര്‍ക്കാന്‍ മൊറോക്കോ, പടയോട്ടം തുടരാന്‍ ഫ്രാന്‍സ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് രാത്രി തുടക്കം

ഖത്തറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മൊറോക്കോയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറിയിരുന്നു. അതുകൊണ്ടുതന്നെ അന്ന് നഷ്ടമായ വിജയത്തിന് പകരം ചോദിക്കാനാകും മൊറോക്കോ ഇന്നിറങ്ങുക.
ബോസ്റ്റണ്‍: ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് അര്‍ധരാത്രിയോടെ തുടക്കമാവുകയാണ്. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ്, കരുത്തരായ മൊറോക്കോയെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രാത്രി ഒന്നരയ്ക്കാണ് മത്സരത്തിന് കിക്കോഫാകുക.

തുടര്‍ച്ചയായ രണ്ടാം തവണയും സെമി ഫൈനല്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ കളത്തിലിറങ്ങുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാണാന്‍ സാധിക്കുന്നത്. ഖത്തറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മൊറോക്കോയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറിയിരുന്നു. അതുകൊണ്ടുതന്നെ അന്ന് നഷ്ടമായ വിജയത്തിന് പകരം ചോദിക്കാനാകും മൊറോക്കോ ഇന്നിറങ്ങുക.

തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഫ്രാന്‍സ് ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ ഫോമിലാണ്. ഗോളടിക്കാനും അടിപ്പിക്കാനും കെല്‍പ്പുള്ള പ്രതിഭകളുടെ വന്‍ നിരയാണ് കളത്തിലും ബെഞ്ചിലും ഫ്രാന്‍സിനുള്ളത്. ഏഴ് ഗോളുകളുമായി ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറാ കിലിയന്‍ എംബാപ്പെയും മൈതാനത്ത് പറന്നുകളിച്ച് കളിമെനയുന്ന മിഡ്ഫീല്‍ഡ് താരം മൈക്കല്‍ ഒലീസെയും ഈ ലോകകപ്പില്‍ ഇതിനകം ഹാട്രിക് നേട്ടത്തോടെ മിന്നും ഫോമിലുള്ള ഉസ്മാന്ര്‍ ഡെംബലെയും അടങ്ങുന്ന ഫ്രാന്‍സിനെ വീഴ്ത്തുക മൊറൊക്കോക്ക് എലുപ്പമാകില്ല.

Scroll to Top