ലഹരിക്കെതിരെ ക്യാമ്പസുകള്‍ കൈകോര്‍ക്കണം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ്ഓപ്പറേഷന്‍ തൂഫാന്‍ ഔട്ട്‌റീച്ചിന് തുടക്കമായി

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണം: മാഹിന്‍ ഹാജി എം എല്‍ എ

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് ഔട്ട്‌റീച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അയോട്ട ഇന്‍സ്റ്റിറ്റിയൂഷനില്‍ കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്നും ക്യാമ്പസുകള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷിതമായ ഭാവിക്കായി യുവജനങ്ങളുടെ ജാഗ്രതയും പങ്കാളിത്തവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹാഷിര്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
സ്ഥാപന മേധാവികളായ ശിഹാബ് ഊദ്, ഷാനവാസ് മാസ്റ്റര്‍, ക്യാമ്പസ് വിംഗ് ജില്ലാ വൈസ് ചെയര്‍മാന്‍ സജീര്‍ ബെദിര, ഉമര്‍ ഖയ്യൂം, സലീല്‍ ബംബ്രാണി, ഷാനിദ് ചെര്‍ക്കള, റസീന്‍ കനിയടുക്കം, നൗഫല്‍ നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

Scroll to Top