കാസര്‍കോട് നഗര പരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ‘കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട്’ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നവീന പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടം, കാസര്‍കോട് മുന്‍സിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപരേഖ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹാര്‍ബര്‍ പുലിമുട്ട് ബീച്ച് കോര്‍ണിഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാര്‍ക്ക് ഗുഡ് വൈബ്‌സ് ഡി.ടി.പി.സി അമനറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (DPR) അടിയന്തരമായി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ടി.പി.സിക്ക് നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് ഹാര്‍ബര്‍ പുലിമുട്ടിന് സമീപം ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാര (Adventure Tourism) പദ്ധതി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാര്‍ക്കിംഗ്, കടകള്‍, ഇരിപ്പിടങ്ങള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാര്‍ബര്‍ പുലിമുട്ടിലേക്കുള്ള റോഡിന്റെ നിര്‍മ്മാണവും പുലിമുട്ടില്‍ ശരിയായ വെളിച്ചവും സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ (CRZ) പൂര്‍ണ്ണമായും പാലിച്ചായിരിക്കും നിര്‍മ്മാണ പ്രവൃത്തികള്‍. കസബയിലെ ടൂറിസം അമ്നെറ്റി സെന്റര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരള മാരിടൈം ബോര്‍ഡും നഗരസഭയും ചേര്‍ന്ന് തളങ്കര പ്രദേശത്ത് ടൂറിസം വികസനം സാധ്യമാക്കും. മുനിസിപ്പാലിറ്റി സീ വ്യൂ പാര്‍ക്ക് നന്നായി പരിപാലിക്കും. കാസര്‍കോട്
മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് ഹൗസിന് മുന്‍വശത്തായി വിപുലമായ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ടൂറിസം പ്രൊജക്ട് നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാര്‍ക്കും ലൈറ്റ് ഹൗസും സന്ദര്‍ശിച്ചു.
ലൈറ്റ് ഹൗസ് സന്ദര്‍ശന സമയം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടും
കേന്ദ്ര പോര്‍ട്ട്, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്സ് മന്ത്രാലയത്തിന് കീഴിലുള്ള കാസര്‍കോട് ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതും കളക്ടര്‍ വിലയിരുത്തി. നിലവില്‍ വൈകിട്ട് നാല് മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം. ഇത് മറ്റ് പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്സ് ആന്റ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും. ലൈറ്റ് ഹൗസ് ഓഫീസര്‍ എം. ശ്രീജേഷ് കുമാര്‍ ജില്ലാ കളക്ടറേയും ജനപ്രതിനിധികളെയും സ്വീകരിച്ചു.
ടൂറിസം സര്‍ക്യൂട്ടിന്റെ വിളംബരത്തോടനുബന്ധിച്ച് നെല്ലിക്കുന്ന് ബീച്ചില്‍ സംഘടിപ്പിച്ച ‘ബീച്ച് റണ്ണില്‍’ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ആണ് ബീച്ച് റണ്‍ ഫ്ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ മെഗാ ബീച്ച് ശുചീകരണവും നടന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഗരവനം പദ്ധതിയും സന്ദര്‍ശിച്ചിരുന്നു. സാമൂഹിക വനവല്‍ക്കര വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നഗരവനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ,് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ ജാഫര്‍ കമാല്‍, ഹമീദ് ബദിര, സമീന മുജീബ്, വിദ്യാശ്രീ, മഹറൂനീസ ഹമീദ് എന്നിവരും കൗണ്‍സിലര്‍മാരായ ആര്‍.രഞ്ജിഷ, ആയിഷ, ആര്‍.രേഷ്മ, അബ്ദുള്‍ റഹ്‌മാന്‍, സലിം എന്നിവരും ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ എ.നസീബ് , ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.രൂപേഷ്, അസി.എക്സിക്യൂടിവ് എന്‍ജിനിയര്‍ ബാബുമോന്‍, അസി. എഞ്ചിനീയര്‍ എം.രാജീവന്‍, സര്‍വ്വേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാന്റിന്‍ കര്‍ണോല്യസ്, കേരള മാരിടൈം ബോര്‍ഡ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി, കാസര്‍കോട് തഹസില്‍ദാര്‍ എന്‍. ശ്രീകുമാര്‍, കാസര്‍കോട് സ്പെഷ്യല്‍വില്ലേജ് ഓഫീസര്‍ ഉമര്‍ ഫാറൂഖ് എന്നിവരും ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.




