മിയാമി:ലോകകപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കിരീടപ്രതീക്ഷയുമായി എത്തുന്ന ഇംഗ്ലണ്ട് ഇന്ന് ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോര്‍വെയെ നേരിടും. മിയാമിയില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി രണ്ടരക്കാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്‌നും സംഘത്തിന്റെയും ലക്ഷ്യം.
മത്സരത്തിന് മുന്നോടിയായി നോര്‍വെയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഞങ്ങള്‍ ജയിക്കാന്‍ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാല്‍, ടൂര്‍ണമെന്റിലെ ‘കറുത്ത കുതിരകളായി’ കുതിക്കുന്ന നോര്‍വെയുടെ സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള തന്ത്രപരമായ അതിവിനയമാണിതെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ടായി കൈവിട്ടുനില്‍ക്കുന്ന തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് ഇനി ഇംഗ്ലണ്ടിന് മൂന്ന് വിജയങ്ങളുടെ ദൂരം മാത്രമാണുള്ളത്. നായകന്‍ ഹാരി കെയ്നും സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമും ചേരുന്ന സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ സര്‍വ്വ പ്രതീക്ഷകളും.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഇതുവരെ നേടിയ 11 ഗോളുകളില്‍ 10-ഉം ഈ സഖ്യത്തിന്റെ വകയായിരുന്നു. സഹ-ആതിഥേയരായ മെക്‌സിക്കോയെ കടുത്ത പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ടീമിന്റെ പ്രതിരോധനിര കടുത്ത പ്രതിസന്ധിയിലാണ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ഇംഗ്ലണ്ട് ഗോള്‍ വഴങ്ങിയിരുന്നു. പരിക്കിന്റെ ആശങ്കകളും ടീമിനെ അലട്ടുന്നുണ്ട്. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നോര്‍വെ ഇത്തവണ ലോകകപ്പ് കളിക്കാനെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച നോര്‍വെ, എതിരാളികളുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് കളി മാറ്റുന്ന ശൈലിയാണ് പുറത്തെടുക്കുന്നത്.
ഇംഗ്ലണ്ടിന് ഹാരി കെയ്ന്‍ ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് വലകാക്കാന്‍ മികച്ച ഫോമിലുള്ള ഗോള്‍കീപ്പര്‍ ഓറിയന്‍ നൈലന്‍ഡുണ്ടെന്ന് നോര്‍വെ ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ ദുര്‍ബലമായ പ്രതിരോധ നിരയെ എര്‍ലിങ് ഹാലണ്ടിന്റെ അസാധാരണ കരുത്ത് ഉപയോഗിച്ച് തകര്‍ത്തെറിയാമെന്നാണ് നോര്‍വീജിയന്‍ കണക്കുകൂട്ടല്‍.




