ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ടി 20, ഏകദിന മത്സരങ്ങളാണുള്ളത്. ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യകുമാര്‍ യാദവായിരിക്കും ടി20യില്‍ ഇന്ത്യയെ നയിക്കുക. ഹാര്‍ദ്ദിക് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റമനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് നേട്ടത്തോടെ രോഹിത് ടി20യില്‍ നിന്ന് വിരമിച്ചതോടെ ഹാര്‍ദ്ദിക് രോഹിത്തിന്റെ സ്വാഭാവിക പിന്‍ഗാമിയായി ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥിരമായി പരിക്കേല്‍ക്കുന്നതും ജോലിഭാരവും കണക്കിലെടുത്ത് ഹാര്‍ദ്ദിക്കിന് പകരം സൂര്യകുമാറിനെ ടി20 നായകനാക്കണമെന്നാണ് പുതിയ പരിശീലകന് ഗൗതം ഗംഭീറിന്റെ നിലപാടെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഹാര്‍ദ്ദിക് പാണ്ഡ്യയോട് സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.