ഇന്ന് ഭരണഘടനാ ദിനം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവല്‍രേഖയാണ് നമ്മുടെ ഭരണഘടന. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയിട്ട് ഇന്നേക്ക് 76 വര്‍ഷം. തുല്യനീതിയും പൗരന്റെ അവകാശങ്ങളും ഉറപ്പുനല്‍കുന്ന ഭരണഘടന ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് നമ്മുടെ ഭരണഘടന.

1949 നവംബര്‍ 26. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കി. ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി ഭരണഘടന വിഭാവനം ചെയ്തു. ഓരോ പൗരനും നീതിയും സമത്വവും ഉറപ്പുവരുത്തണമെന്ന് ഭരണഘടന അടിവരയിട്ടു. ‘സോഷ്യലിസ്റ്റ്’ എന്നും സെക്യുലര്‍ എന്ന വാക്കും ഭരണഘടനയുടെ ആദ്യ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ രണ്ട് വാക്കുകളും ഭരണഘടനയുടെ ആമുഖത്തില്‍ ഇടംപിടിച്ചു.

1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലിയിലെ 284 അംഗങ്ങള്‍ ഭരണഘടനയില്‍ ഒപ്പുവച്ചു. 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നു. ഇന്ത്യയിപ്പോഴും ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനില്‍ക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ രാജ്യത്തിന്റെ കരുത്തുറ്റ ഭരണഘടനയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പൗരനെന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിക്കുന്ന ദിവസം കൂടിയാണ് ഭരണഘടനാ ദിനം.

Scroll to Top