ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം, മലാക്ക കടലിടുക്കിന് മുകളില്‍ തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളില്‍ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. കേരള- ലക്ഷദ്വീപ് തീരത്ത് 29 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന്

കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Scroll to Top