നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അര്‍ജന്റീനയും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.
അറ്റ്ലാന്റ: ലോകകപ്പിന്റെ ആവേശം അവസാന നാലിലേക്ക് കടക്കുമ്പോള്‍, മൈതാനത്തിന് പുറത്ത് വാക്‌പോര് മുറുകുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുന്‍പ്, ലിയോണല്‍ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് വിംഗര്‍ ജോ കോള്‍. തോമസ് ടുഹേലിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അര്‍ജന്റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്റെ വെല്ലുവിളി.
നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അര്‍ജന്റീനയും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് അഞ്ച് തവണ (1962, 1966, 1986, 1998, 2002) ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 2002-ല്‍ ജപ്പാനില്‍ വെച്ച് നടന്ന മത്സരത്തില്‍ ഡേവിഡ് ബെക്കാമിന്റെ പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ ഇംഗ്ലണ്ടാണ് അവസാനമായി വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഇംഗ്ലണ്ടിന്റെ ആക്രമണ നിര തകര്‍ക്കുമെന്നാണ് ജോ കോള്‍ വിശ്വസിക്കുന്നത്.
ലിയോണല്‍ മെസിയെ നമുക്ക് ഉറക്കേണ്ടതുണ്ട്. ഈ മത്സരത്തില്‍ ഞങ്ങള്‍ മെസിയെ ഉറക്കുക തന്നെ ചെയ്യും. ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയ്ക്ക് മുന്നില്‍ അര്‍ജന്റീന തകരും-ദി റെസ്റ്റ് ഈസ് ഫുട്‌ബോള്‍ പോഡ്കാസ്റ്റില്‍ ജോ കോള്‍ പറഞ്ഞു. ഇംഗ്ലണ്ടിനെപ്പോലെ തന്നെ എക്‌സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അര്‍ജന്റീന സെമിയിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 90 മിനിറ്റില്‍ 1-1 ന് സമനിലയിലായ ശേഷം, എക്‌സ്ട്രാ ടൈമില്‍ ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ നേടിയ ഗോളുകളിലാണ് അര്‍ജന്റീന 3-1 ന് വിജയിച്ചത്.
ടിവി പ്രേഷകരെയും ആരാധകരെയും ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചാണ് ലയണല്‍ സ്‌കലോണിയുടെ സംഘം മുന്നേറുന്നത്. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ 2-0 ന് പിന്നിലായ ശേഷം 13 മിനിറ്റിനിടെ 3 ഗോളുകള്‍ തിരിച്ചടിച്ച് 3-2 ന്റെ നാടകീയ ജയം അവര്‍ സ്വന്തമാക്കിയിരുന്നു. അതിന് മുന്‍പ് റൗണ്ട് ഓഫ് 32-ല്‍ ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈം വരെ വിയര്‍പ്പിച്ചു. ഒടുവില്‍ ഒരു ഓണ്‍ ഗോളിന്റെ പിന്‍ബലത്തിലാണ് അര്‍ജന്റീന 3-2 ന് രക്ഷപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തിയ അര്‍ജന്റീന, ഫ്രാന്‍സിനൊപ്പം ടൂര്‍ണമെന്റില്‍ (എക്‌സ്ട്രാ ടൈം ഉള്‍പ്പെടെ) 100% വിജയറിക്കാര്‍ഡ് നിലനിര്‍ത്തുന്ന ഒരേയൊരു ടീമാണ്.




