ആദൂര്‍ ജംഗ്ഷനില്‍ മരണഭീഷണിയുയര്‍ത്തികൂറ്റന്‍ മരം;ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ച്ചയില്‍, ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

?ആദൂര്‍: കാസര്‍ഗോഡ് ജില്ലയിലെ കാറഡ്ക്ക പഞ്ചായത്തില്‍ 11 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രധാന ജംഗ്ഷനായ ആദൂരിലെ ബസ് വെയ്റ്റിംഗ് ഷെഡിന് തൊട്ടുപിറകില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ മരം പൊതുജനങ്ങളുടെ ജീവന് അതീവ ഭീഷണിയാകുന്നു. നിലവില്‍ ഈ കൂറ്റന്‍ മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞുവീണ് ബസ് ഷെഡ് ഇപ്പോള്‍ത്തന്നെ ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ് ഉള്ളത്.

മരം പൂര്‍ണ്ണമായി മുറിച്ചുമാറ്റിയില്ലെങ്കില്‍ അത് ഏതുസമയത്തും ബസ്റ്റാന്‍ഡിലേക്ക് മറിഞ്ഞുവീണ് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

?ആദൂര്‍ പോലീസ് സ്റ്റേഷന്‍, ചെക്ക് പോസ്റ്റ്, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിലെ ബസ് ഷെഡിനെ ദിനേന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും സ്ത്രീകളും വൃദ്ധന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ആശ്രയിക്കുന്നത്.

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മരം വീഴാനുള്ള സാധ്യത ഇരട്ടിയാണെന്നും, വലിയൊരു അപകടം സംഭവിച്ച് നാട്ടുകാരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രം നടപടി സ്വീകരിക്കുന്ന ഭരണകൂട സമീപനം മാറണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

?പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അപകടാവസ്ഥയിലുള്ള മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റുന്നതിനും, തകര്‍ച്ചയിലായ ബസ് വെയ്റ്റിംഗ് ഷെഡ് യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ബി. എ. ലത്തീഫ് ആദൂര്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് അടിയന്തര ഇമെയില്‍ സന്ദേശം അയച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് സത്വര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Scroll to Top