ഉന്നത വിദ്യാഭ്യാസരംഗത്തെ ദാഹം തീര്‍ക്കാന്‍ കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനാകും: മന്ത്രി ടി. സിദ്ധിഖ്

കുണിയ: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കുണിയ എഡ്യൂ കോണ്‍ക്ലേവ് 2026’-ല്‍ പുതുതായി ആരംഭിച്ച ‘Degree with IAS’ ഇന്റഗ്രേറ്റഡ് റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ കേരള ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി.

ഉന്നത വിദ്യാഭ്യാസരംഗത്ത് കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആരംഭിച്ച ഈ സംരംഭം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നതാണെന്നും, കാസര്‍ഗോഡ്, വയനാട് ഉള്‍പ്പെടെയുള്ള ഉത്തരകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും സിവില്‍ സര്‍വീസ് സ്വപ്നങ്ങളുടെയും വലിയൊരു ദാഹം തീര്‍ക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസ് പരിശീലനം വിജയകരമാകാന്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളും കൃത്യമായ ഏകോപനവും ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ള അധ്യാപകസംഘവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, ക്യാമ്പസില്‍ മാതൃകാ കൃഷിയിടം ആരംഭിക്കാനും ഭാവിയില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.

അക്കാദമിക മികവിനൊപ്പം സ്വഭാവവും മൂല്യബോധവും നേതൃത്വശേഷിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്ന പരിവര്‍ത്തനാത്മക വിദ്യാഭ്യാസ മാതൃകയാണ് കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ദര്‍ശനം. ഈ ദര്‍ശനത്തിന്റെ ഭാഗമായാണ് ദേശീയ മത്സരപരീക്ഷകള്‍ക്കായുള്ള പരിശീലനവും സമഗ്ര വ്യക്തിത്വ വികസനവും ഒരുമിപ്പിച്ച ‘Degree with IAS’ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കുണിയ IAS അക്കാദമി ഡയറക്ടര്‍ ഡോ. സാജിദ് അലി അധ്യക്ഷത വഹിച്ചു. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. ലക്ഷ്മി ഭായി പി. എസ്. സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. വി. സന്തോഷ് നന്ദി രേഖപ്പെടുത്തി.

മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്, ഡി.സി.സി. പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസല്‍, സാജിദ് മവ്വല്‍, എം.സി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Scroll to Top