കേരളത്തില്‍ എസ് ഐ ആര്‍ നടപടികള്‍ തുടരും

ദില്ലി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബര്‍ ഒന്നിനകം തമിഴ്‌നാട് ഹര്‍ജിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തിലെ വിഷയത്തില്‍ തിങ്കളാഴ്ച്ചക്കുള്ളില്‍ സത്യവാങ് മൂലം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എസ്‌ഐആറിലെ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികളാണ് കേരളത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചത്. കേരള ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ ബുദ്ധിമുട്ടില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അടക്കം അറിയിച്ചതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. നടപടികള്‍ വേഗത്തില്‍ നടക്കുകയാണ്. ഒരോ നടപടികളും പുരോഗമിക്കുന്നു. ആവശ്യമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കമ്മീഷന് പറയുന്നത് അല്ല സാഹചര്യമെന്ന് കേരള സര്‍ക്കാര്‍ എതിര്‍ വാദം ഉന്നയിച്ചു. തമിഴ്‌നാടിനും കേരളത്തിനും പ്രത്യേക സത്യവാങ്ങ്മൂലം നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്

Scroll to Top