സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍;പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി ആരോഗ്യ വകുപ്പ്

വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സ്റ്റോപ്പ് ഡയേറിയ’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ചട്ടഞ്ചാല്‍ സ്വാതി ഇന്‍ക്യൂബേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ്.ബി നിര്‍വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്, ജില്ലാ എം.സി .എച്ച് ഓഫീസര്‍ സ്റ്റെല്ല ജോസഫ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സി.കൃപന സ്വാഗതവും ജില്ലാ റിസോര്‍സ് പേഴ്സണ്‍ ടി.പി അഭിരാമി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന ബോവല്‍ക്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സന്തോഷ്, ഡോ.അജയ് രാജന്‍, കുടുംബാരോഗ്യ കേന്ദ്രം ചട്ടഞ്ചാല്‍ ശിശുരോഗ വിദഗ്ദ്ധ ഡോ. ഗീതാഞ്ജലി എന്നിവര്‍ വിഷയാവതരണം നടത്തി.

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, ജില്ലാ കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയറിളക്കരോഗ ചികിത്സയില്‍ ഒ.ആര്‍.എസിന്റെ പ്രാധാന്യം, ഒ.ആര്‍.എസ് തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.

വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ പാലിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വ്യക്തിശുചിത്വം പാലിക്കുക. മലമൂത്ര വിസര്‍ജ്ജനം ശൗചാലയങ്ങളില്‍ മാത്രം നടത്തുക. ആഹാരം കഴിക്കുന്നതിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കേണ്ടതാണ്. ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുക.

വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുള്ളതിനാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷന്‍) നല്‍കേണ്ടതാണ്. ഒ.ആര്‍.എസ് കൃത്യമായ അളവില്‍ തയ്യാറാക്കുകയും വൃത്തിയോടെ സൂക്ഷിക്കുകയും വേണം. ഓരോ തവണ വയറിളകുമ്പോഴും ഒ.ആര്‍.എസ് കുടിക്കാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ഒ.ആര്‍.എസ് സൗജന്യമായി ലഭ്യമാണ്. വയറിളക്കം മൂലമുള്ള അസുഖങ്ങളെ തടയുന്നതിനായാണ് ‘സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2026’ ആരംഭിച്ചത്. വയറിളക്ക രോഗങ്ങളുടെ രോഗപ്രതിരോധം, നിയന്ത്രണം, ബോധവല്‍ക്കരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഒ.ആര്‍.എസിന്റെയും സിങ്കിന്റെയും കവറേജ് 2029-ഓടെ 90 ശതമാനമായി വര്‍ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിടുന്നു.

Scroll to Top