വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ഥന മാനിച്ച് കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട് വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ബീച്ചും ലൈറ്റ് ഹൗസും സന്ദര്‍ശിച്ച വേളയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും കളക്ടറെ സ്‌കൂളിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് അധ്യയന സമയം അവസാനിച്ചിരുന്നതിനാല്‍ മറ്റൊരു ദിവസം സ്‌കൂള്‍ സന്ദര്‍ശിക്കാമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിച്ചാണ് ചൊവ്വാഴ്ച വൈകിട്ട് ജില്ലാ കളക്ടര്‍ സ്‌കൂളിലെത്തിയത്.

സന്ദര്‍ശനത്തിനിടെ സ്‌കൂള്‍ നേരിടുന്ന പരിമിതികളും പ്രത്യേകിച്ച് കുട്ടികള്‍ക്ക് കളിസ്ഥലമില്ലാത്തതുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാലയത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി കളിസ്ഥലമായി ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ച ജില്ലാ കളക്ടര്‍, സ്ഥലം മാര്‍ക്ക് ചെയ്ത് കൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കും കുട്ടികള്‍ക്ക് കളിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യു. പ്രദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. രഞ്ജിഷ മുന്‍ നഗരസഭ കൗണ്‍സിലര്‍ ജി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് ശിവദാസന്‍, സ്റ്റാഫ് സെക്രട്ടറി മനോജ്, സീനിയര്‍ അസിസ്റ്റന്റ് പ്രിയങ്ക, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉമര്‍ ഫറൂഖ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടറെ സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ അവസാനം വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ഥന മാനിച്ച് എല്ലാ കുട്ടികളോടൊപ്പവും നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ജില്ലാ കളക്ടര്‍, കുട്ടികളുമായി സൗഹൃദ സംഭാഷണവും നടത്തി. ജില്ലാ കളക്ടറുടെ സന്ദര്‍ശനവും കളിസ്ഥലം ഒരുക്കാനുള്ള ഇടപെടലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പ്രതീക്ഷയും സന്തോഷവും നല്‍കി.

Scroll to Top