മൈതാനം വിവിധ പരിപാടികള്‍ക്കായി വിട്ടുനല്‍കുമ്പോള്‍ ഒപ്പുവെക്കുന്ന വാടകക്കരാറില്‍ കര്‍ശനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്
തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണ്ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും മുന്‍ ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായക വിധി. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഭക്തരുടെ വികാരങ്ങളും കണക്കിലെടുത്തുള്ള സന്തുലിത സമീപനമാണ് കോടതി സ്വീകരിച്ചത്. മൈതാനം മുഴുവനായി വെറുതെയിടുന്നത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിക്കുമെന്ന വാദം അംഗീകരിച്ച കോടതി, കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി മതപരമല്ലാത്ത ചില ആവശ്യങ്ങള്‍ക്ക് മൈതാനം താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.
ക്ഷേത്രാരാധനകളില്‍ രാഷ്ട്രീയത്തിന് യാതൊരു പങ്കുമില്ലെന്ന് മുന്‍കാല വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ യാതൊരുവിധ പ്രതിഷേധങ്ങള്‍ക്കോ കൂട്ടായ്മകള്‍ക്കോ ഇനി മൈതാനം നല്‍കാന്‍ പാടില്ല. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാര്‍ക്കിങ്ങിനുമായി മൈതാനം അനുവദിക്കരുതെന്നും വിധിയിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ സൗന്ദര്യവല്‍ക്കരണ പദ്ധതികളോ നടത്താന്‍ പാടില്ലാത്തതാണ്.
അതേസമയം, സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പരിപാടികള്‍ക്ക് വാടകയില്ലാതെ അനുമതി നല്‍കാം. കോടതി വിലക്കിയ രാഷ്ട്രീയ യോഗങ്ങള്‍ ഒഴികെയുള്ള നിശ്ചിത പരിപാടികള്‍ക്ക് ന്യായമായ വാടക ഈടാക്കി, കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ ബോര്‍ഡിന് ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.




