മുഹമ്മദ് ഇയാസിന്റെ മരണംവിദഗ്ദ ഡോക്ടര്‍ സംഘത്തെകൊണ്ട് സമഗ്രമായി അന്വേഷിപ്പിക്കണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: ഹനീഫ് പി എച്ച്

കാസര്‍ഗോഡ്: കാസര്‍ഗോഡ് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തി ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ബേഡകത്തെ മുഹമ്മദ് ഇയാസിന്റെ മരണം അതീവ ദുഃഖകരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹനീഫ് പി.എച്ച്. പ്രസ്താവനയില്‍ പറഞ്ഞു.

അനസ്തീഷ്യ നല്‍കാനാണെന്ന് പറഞ്ഞ് വാര്‍ഡില്‍ നിന്ന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയ ഇയാസ്, ശസ്ത്രക്രിയയ്ക്ക് മുമ്പ് വരെ മാതാവിനോട് സംസാരിച്ചും തമാശ പറഞ്ഞും സന്തോഷത്തോടെ ഇരുന്നിരുന്നതായി കുടുംബം പറയുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ തിരികെ ലഭിക്കാതിരുന്നതിനിടെ ആശങ്കയിലായ ബന്ധുക്കളെ പിന്നീട് ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി കുട്ടി മരണപ്പെട്ടതായി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശസ്ത്രക്രിയയുടെ തീയതി വേഗത്തില്‍ ലഭിക്കുന്നതിനായി ബന്ധപ്പെട്ട ഡോക്ടര്‍ക്ക് 2,000 രൂപ കൈക്കൂലി നല്‍കിയിരുന്നുവെന്ന മരിച്ച കുട്ടിയുടെ പിതാവിന്റെ മാധ്യമപ്രതികരണവും അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് ഹനീഫ് പി.എച്ച്. അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ചികിത്സാ പിഴവോ മറ്റേതെങ്കിലും വീഴ്ചയോ ഉണ്ടായതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും, നീതിബോധമുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഹനീഫ് പി.എച്ച്. അഭ്യര്‍ഥിച്ചു.

Scroll to Top