തൊഴിലുറപ്പ് നിയമം ഗ്രാമീണരുടെ ജീവിത സൂചിക ഉയര്‍ത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതി: ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം നല്‍കി

തൊഴിലുറപ്പ് അവകാശത്തെ നിയമമാക്കിയതിലൂടെയാണ് ഗ്രാമീണ മേഖലകളില്‍ വികസനം സാധ്യമായതെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം. വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വി.ബി.ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ത്രിതലപഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.2005ലെ തൊഴിലുറപ്പ് നിയമം തൊഴില്‍ മനുഷ്യന്റെ അവകാശമാക്കുകയും ജീവിതസൂചികയില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ചടങ്ങില്‍ ഗ്രാമപഞ്ച യത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മൂന്ന് സെഷനുകളിലായുള്ള പരിശീലനമാണ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഹാളില്‍ നടന്നത്. ആദ്യ രണ്ട് സെഷനുകളില്‍ നിയമവും അതിന്റെ നിര്‍വഹണവുമായി ബന്ധപ്പെട്ട പരിശീലനവും മൂന്നാമത്തെ സെഷനില്‍ പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള പരിശീലവും ആണ് നല്‍കിയത്. 42 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. 23ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായ സുനില്‍കുമാര്‍, സി.കെ റസീന എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് വി.ബി.ജി റാംജി എന്ന പേരില്‍ പരിഷ്‌കരിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു വര്‍ഷത്തില്‍ നൂറുതൊഴില്‍ ദിനങ്ങള്‍ ആയിരുന്നുവെങ്കില്‍ വി.ബി.ജി റാംജി പദ്ധതിയില്‍ 125 തൊഴില്‍ ദിനങ്ങള്‍ ആണ് വര്‍ഷംതോറും നല്‍കുക.

വികസിത് ഭാരത് 2047 ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗര്‍ഭജല പുനരുജ്ജീവനം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പ്രതിരോധശേഷി എന്നിവ ഉറപ്പാക്കി ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു എന്നിവരും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top