എല്‍ജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ മാറി നല്‍കി, പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു.

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ മാറി നല്‍കിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‌സി. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പര്‍ രാവിലത്തെ പരീക്ഷക്ക് നല്‍കി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.

ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വന്‍വിവാദമായിരുന്നു. നിയമനത്തില്‍ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളില്‍ ഉദ്യാോഗാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

പരാതിപ്രളയത്തില്‍ പിഎസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയര്‍ന്നപ്പോള്‍ ഏഴിന് കമ്മീഷന്‍ വാര്‍ത്താകുറിപ്പിറക്കി. ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും. എന്നാല്‍ പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയില്‍ കമ്മീഷന്റെ തനിരൂപം ഒരിക്കല്‍ കൂടി തെളിഞ്ഞു.

Scroll to Top