സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ മാസം ഇരുപതുവരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ പാത്തി കേരളത്തോട് അടുത്തതാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറന്‍ കാറ്റും അനുകൂലമായി ഉയര്‍ന്നു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ തീരദേശവാസികളും മലയോര മേഘാലയിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന ജാഗ്രതാ നിര്‍ദേശം കൃത്യമായി പാലിച്ച് മാത്രമെ കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.

Scroll to Top